ഐഎസ് ബന്ധമെന്ന് സംശയം: തമിഴ്‌നാട്ടിലെ 30 ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ്
തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ ഐഎസുമായി ബന്ധപ്പെട്ടാണ് പരിശോധന. സംഘം വിദ്യാർത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളില്‍ തെളിവെടുപ്പും നടന്നിരുന്നു.