‘ബ്യൂറോക്രാറ്റിക് നടപടി’, മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനത്തിൽ ബിജെപിക്കെതിരെ ശശി തരൂർ
മണിപ്പൂർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇന്റർനെറ്റ് ഷട്ട്ഡൗൺ പതിവായി നടക്കുന്ന ലോകത്തിലെ ഏക ജനാധിപത്യ രാജ്യം ഇന്ത്യയാണെന്നത് വിചിത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ രണ്ട് മാസമായി വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് തരൂരിന്റെ പ്രസ്താവന. ഇന്റർനെറ്റ് നിരോധനത്തിന്
അക്രമം അല്ലെങ്കിൽ തീവ്രവാദം എന്നിവ തടയാൻ കഴിയുമെന്നതിന് സർക്കാർ മതിയായ ന്യായീകരണം നൽകിയിട്ടില്ല. 2022 ലെ പാനൽ ഇതിന് തെളിവ് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അക്രമത്തിൽ കാര്യമായ സ്വാധീനം ചെലുത്താതെ, എന്നാൽ സാധാരണ പൗരന്മാർക്ക് കാര്യമായ അസൗകര്യം സൃഷ്ടിക്കുന്ന, ദീർഘകാലത്തേക്ക് ഇന്റർനെറ്റ് നിരോധനം പതിവായി നടത്തുന്ന ലോകത്തിലെ ഏക ജനാധിപത്യ രാജ്യം ഇന്ത്യയാണെന്നത് വിചിത്രമാണ്. ഒരു ബ്യൂറോക്രാറ്റിക് നടപടിയാണിത്’ – തരൂർ ട്വീറ്റ് ചെയ്തു. പൗരന്മാരുടെ അവകാശങ്ങൾക്കായി സുപ്രീം കോടതി നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.