Sunday, April 13, 2025
National

മുതിർന്ന നേതാവ് ജ​ഗദീഷ് ഷെട്ടർ രാജിവെച്ചു, കർണാടകയിൽ ബിജെപി പ്രതിസന്ധിയിൽ

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ രാജി പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്. എന്നാൽ മറ്റ് പാർട്ടികളിൽ അംഗത്വം എടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

നേരത്തെ ബിജെപി വിട്ടുവന്ന ലക്ഷ്മൺ സാവ്ദിയ്ക്ക് സിറ്റിങ് സീറ്റായ അത്താനി സീറ്റ് കോൺഗ്രസ് നൽകിയിരുന്നു. മുതിർന്ന രണ്ട് നേതാക്കളും നിരവധി എംഎൽഎമാരും പ്രവർത്തകരും പാർട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ ബിജെപിയുടെ അവസാന ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

അതേസമയം, കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തുവന്നു. സിദ്ധരാമയ്യക്ക് കോലാറിൽ സീറ്റില്ല എന്നതാണ് പ്രത്യേകത. 43 സ്ഥാനാർഥികളെയാണ് മൂന്നാം പട്ടികയിൽ പ്രഖ്യാപിച്ചത്. ബിജെപിയിൽ നിന്ന് രാജി വച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡിയ്ക്ക് അതാനി സീറ്റ് നൽകി. കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാനുള്ള ചരടുവലികൾ നടക്കുന്നുണ്ട്.

സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷെട്ടർ ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. ബിജെപിയിലെ പാളയത്തിൽ പട വോട്ടാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. സാവഡി അടക്കമുള്ള നേതാക്കളെ തങ്ങൾക്കൊപ്പം നിർത്തി നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനിടെ ഇനി വരുന്ന പ്രഖ്യാപനത്തിൽ വലിയ സർപ്രൈസുകളുണ്ടാകുമെന്ന് പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *