Tuesday, January 7, 2025
National

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി 10000 ന് മുകളിൽ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായി 10000 ന് മുകളിൽ. 10,158 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞദിവസം ഡൽഹിയിൽ മാത്രം 1396 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 31.9% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 15 മാസങ്ങൾക്കിടെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇത്.24 മണിക്കൂറിനിടെ 5 കൊവിഡ് മരണങ്ങളും ഡൽഹിയിൽ സ്ഥിരീകരിച്ചു.

അതേസമയം മുംബൈയിലെ പ്രതിദിന കൊവിഡ് കേസുകൾ മുൻ ദിവസത്തേക്കാൾ 50% ത്തോളം കുറഞ്ഞു. കഴിഞ്ഞദിവസം സംസ്ഥാനത്ത് 660 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. മുൻ ദിവസം ഇത് 1152 കേസുകൾ ആയിരുന്നു. രണ്ടു കൊവിഡ് മരങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്ത 10-12 ദിവസത്തേക്ക് കൊവിഡ് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്. ‌

രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. അതേസമയം ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *