Wednesday, January 8, 2025
National

മദ്യനയ അഴിമതിക്കേസ്: കെ കവിത ഇന്ന് വീണ്ടും ഇഡിക്ക് മുന്നിൽ

ഡൽഹി എക്സൈസ് നയ അഴിമതി കേസിൽ ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിത വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസിനെതിരെ കവിത സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

ഒരു സ്ത്രീയെ ഇഡി ഓഫീസിലേക്ക് വിളിപ്പിക്കാമോ എന്ന് കവിതയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മാനദണ്ഡമനുസരിച്ച്, ഒരു സ്ത്രീയെ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിക്കാൻ കഴിയില്ലെന്നും അവരുടെ വസതിയിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും പറഞ്ഞു. ഹർജി മാർച്ച് 24ന് പരിഗണിക്കും.

അതേസമയം കെ കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ലയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിൽ ഉള്ള മനീഷ് സിസോദിയ, അരുൺ രാമചന്ദ്രപിള്ള എന്നിവരെ കവിതയ്ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കഴിഞ്ഞ ശനിയാഴ്ച ഇഡി കവിതയെ ചോദ്യം ചെയ്തിരുന്നു. ഒൻപത് മണിക്കൂറോളം നീണ്ട ഈ ചോദ്യം ചെയ്യലിൽ മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിൽ നിന്ന് കവിത ഒഴിഞ്ഞുമാറിയതായി ഇഡി പറഞ്ഞിരുന്നു. രാവിലെ 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ നടപടികൾ രാത്രി എട്ട് മണി വരെ നീണ്ടു.

Leave a Reply

Your email address will not be published. Required fields are marked *