Sunday, January 5, 2025
National

ലഖിംപൂർ കർഷക കൂട്ടക്കൊല; യു.പി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ലഖിംപൂര്‍ ഖേരി കര്‍ശക കൂട്ടക്കൊല കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേസിലെ പ്രതി ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സാക്ഷിക്ക് നേരെയുണ്ടായ ആക്രമണം ശ്രദ്ധയില്‍പ്പെട്ട ബെഞ്ച് കേസിലെ സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ക്ക് നേരെ ആക്രമണമുണ്ടായതായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു.

ഫെബ്രുവരി 10 നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കര്‍ഷകര്‍ക്കായി അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണുമാണ് ഹാജരായത്. കേസിലെ മറ്റ് പ്രതികളും ഇത്തരത്തില്‍ ജാമ്യം ലഭിക്കാന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്ന് ഭൂഷണ്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. ഇയാളടക്കം 14 പേര്‍ക്കെതിരെ കേസന്വേഷിക്കുന്ന ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. കേസില്‍ മാര്‍ച്ച് 24ന് സുപ്രീം കോടതി അടുത്ത വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *