Saturday, April 12, 2025
National

ലഖിംപൂർ കൂട്ടക്കൊല; ജുഡീഷ്യൽ അന്വേഷണം: കമ്മീഷനെ നിയോഗിച്ചു

 

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. കർഷകർ ഉൾപ്പടെയുള്ളവരുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്‌തമായതിനെ തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജി പ്രദീപ് കുമാർ ശ്രീവാസ്‌തവയാണ് അന്വേഷണ കമ്മീഷൻ.

2 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ ലഖിംപൂർ ഖേരിയിൽ ഉണ്ടായ ആക്രമണം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്‌തതോടെയാണ്‌ ബിജെപി കൂടുതൽ പ്രതിരോധത്തിലായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് പ്രതി സ്‌ഥാനത്തുള്ളത്. ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.

Leave a Reply

Your email address will not be published. Required fields are marked *