ജമ്മു പൊലീസ് പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി
ജമ്മുവിലെ പൊലീസ് പോസ്റ്റിന് സമീപം സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. 500 ഗ്രാം വീതം ഭാരമുള്ള രണ്ട് സ്‌ഫോടക ഉപകരണങ്ങളാണ് കറുത്ത നിറമുള്ള ബാഗിനുള്ളിൽ നിന്നും കണ്ടെത്തിയത്. സത്വാരി ഏരിയയിലെ ഫാലിയൻ മണ്ഡൽ പോസ്റ്റിന് സമീപമാണ് ഇവ സൂക്ഷിച്ചിരുന്നത്. ബോംബ് സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പൊലീസ് അറിയിച്ചു.
പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ബാക്ക്പാക്ക് കണ്ടെത്തുന്നത്. തുടർന്ന് പ്രദേശം വളയുകയും, ബോംബ് ഡിസ്പോസൽ സ്ക്വാഡിനെ വിളിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ക്വാഡ് ടൈമറുകൾക്കൊപ്പം രണ്ട് സ്ഫോടകവസ്തുക്കൾ (ഐഇഡി) കണ്ടെത്തി. പിന്നീട്, ചൊവ്വാഴ്ച പുലർച്ചെ 12.25 ഓടെ നിയന്ത്രിത സ്ഫോടനത്തിലൂടെ അവ നശിപ്പിക്കപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഐഇഡികൾ സമയബന്ധിതമായി കണ്ടെത്തിയതോടെ ജമ്മുവിൽ ഒരു വലിയ ഭീകരാക്രമണം ഒഴിവാക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.