Saturday, October 19, 2024
National

സെക്കൻഡറി തല വിദ്യാർഥികൾക്കായുള്ള ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് കീഴിൽ രൂപപ്പെടുത്തിയത്. സെക്കൻഡറി-ഹയർസെക്കൻഡറി തലങ്ങളിലെക്കുള്ള ആദ്യ നാല് ആഴ്ചകളിലെ കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയിരുന്നു. സെക്കൻഡറി തലത്തിലേക്കുള്ള അടുത്ത 8 ആഴ്ചകളിലെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ നിഷാങ്ക് ഇന്ന് വെര്‍ച്വലായി പുറത്തിറക്കി.

വ്യത്യസ്ത സാങ്കേതികവിദ്യകൾ സമൂഹമാധ്യമങ്ങൾ എന്നിവ ഫലപ്രദമായി ഉപയോഗിച്ച്, അധ്യയനം രസാവഹം ആക്കുന്നതിനായി അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ പുതിയ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഇവ പഠിതാക്കൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും വീട്ടിലിരുന്ന് തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്റർനെറ്റ് , സമൂഹമാധ്യമങ്ങൾ എന്നിവ ലഭ്യമല്ലാത്ത വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവരെ എസ്എംഎസ് മുഖാന്തിരമോ ഫോൺ കോളുകളിലൂടെയോ സഹായിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.