20 വർഷത്തിനിടെ ഇതാദ്യം; മണിപ്പൂരിൽ ഹിന്ദി ചിത്രം പ്രദർശിപ്പിക്കുന്നു
വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ഒരു ഹിന്ദി സിനിമ പ്രദർശിപ്പിക്കുന്നു. ആദിവാസി വിദ്യാർത്ഥി സംഘടനയായ ഹ്മാർ സ്റ്റുഡന്റ്‌സ് അസോസിയേഷനാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു ഹിന്ദി സിനിമ പരസ്യമായി പ്രദർശിപ്പിക്കുമെന്ന് തിങ്കളാഴ്ച അർദ്ധരാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ HSA അറിയിച്ചു. പതിറ്റാണ്ടുകളായി ആദിവാസികളെ അടിച്ചമർത്തുന്ന തീവ്രവാദ ഗ്രൂപ്പുകളോടുള്ള എതിർപ്പാണ് തീരുമാനത്തിന് പിന്നിലെന്നും HSA. ചുരാചന്ദ്പൂർ ജില്ലയിലെ റെങ്കൈയിൽ (ലാംക) ഇന്ന് വൈകുന്നേരമാണ് പ്രദർശനം ആരംഭിക്കുക. “സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നതിൽ ഞങ്ങളോടൊപ്പം ചേരുക” HSA കൂട്ടിച്ചേർത്തു.
മണിപ്പൂരിൽ അവസാനമായി പരസ്യമായി പ്രദർശിപ്പിച്ച ഹിന്ദി സിനിമ 1998-ൽ ‘കുച്ച് കുച്ച് ഹോതാ ഹേ’ ആണെന്ന് HSA പറഞ്ഞു. വിമത സംഘടനയായ റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് 2000 സെപ്റ്റംബറിൽ ഹിന്ദി സിനിമകളുടെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.