വീരചരിത്രത്തിന്‍റെ കഥ ഓർമിപ്പിച്ച് അമൃത്സറിലെ ജാലിയൻവാലബാഗ് സ്മാരകം
ദില്ലി : ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഏറ്റവും കലുഷിതമായ അധ്യായമാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. 1919 ഏപ്രിൽ മാസം 13ാം തിയതി ജാലിയൻ വാലാബാഗിൽ വെടിവയ്ക്കാൻ ജനറൽ ഡയർ ഉത്തരവിട്ടപ്പോൾ പിടഞ്ഞു മരിച്ചത് നിരായുധരായ ജനക്കൂട്ടമായിരുന്നു. കൂട്ടക്കൊലയുടെ ഓർമ്മകൾ പേറി സന്ദർശകർക്ക് മുന്നിൽ ആ കഥ പറയുകയാണ് അമൃത്സറിലെ ജാലിയൻവാലബാഗ് സ്മാരകം
സുവർണ ക്ഷേത്രം.സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥാനം. അന്ന് ഒരു ഏപ്രിൽ പതിമൂന്നായിരുന്നു. ബ്രിട്ടീഷ് സർക്കാർ നടപ്പാക്കിയ റൗലറ്റ് ആക്റ്റിനെതിരെ പഞ്ചാബിൽ പ്രതിഷേധം അണ പൊട്ടിയ സമയം. സിഖുകാരുടെ ബൈശാഖി ഉത്സവ ദിനം കൂടിയായ അന്ന് പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്ത് പൊതുയോഗം സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകൾ ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചു കൂടി. സമാധാനമായി പ്രതിഷേധിക്കാനായിരുന്നു യോഗം ചേർന്നത്. യോഗം തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും അമൃത് സറിലെ സൈനിക കമാൻഡറായിരുന്ന ജനറൽ ഡയർ സായുധ സേനയുമായി മൈതാനം വളഞ്ഞു. മതിലുകളാൽ ചുറ്റപ്പെട്ട ജാലിയൻവാലാബാഗ് മൈതാനത്തിൽ നിരായുധരായിരുന്ന പ്രതിഷേധക്കാർക്കുനേരെ ഡയർ വെടിവെപ്പിന് ഉത്തരവിട്ടു.
ജാലിയൻ വാലാബാഗിലെ ചുറ്റപ്പെട്ട മതിലുകൾക്കക്കത്ത് മനുഷ്യർ പിടഞ്ഞുവീണിട്ടും വെടിവയപ്പ് തുടർന്നു. മൈതാനത്തുണ്ടായിരുന്ന കിണറിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ജീവൻ നഷ്ടമായതും ദുരന്തത്തിന്‍റെ ആക്കം കൂട്ടി. 120 മൃതശരീരങ്ങളാണ് ചെറിയ കിണറിൽ നിന്നുമാത്രം കിട്ടിയെന്നാണ് കണക്ക്.
നൂറ് വർഷങ്ങൾക്കും ഇപ്പുറം ജ്വലിക്കുന്ന ഓർമ്മയായ ആ സ്മാരകം ഇങ്ങനെ നിൽക്കുകയാണ്. പുതുക്കിയ ജ്വാലിയൻ വാല ബാഗിൽ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തിൽ ആ സമരചരിത്രം പറയുന്നു. പുതുതലമുറയ്ക്ക് മുന്നിൽ വീരചരിത്രത്തിന്റെ കഥ ഓർമ്മിപ്പിച്ച്.