സംവരണ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കും, ഇത് തൊഴിലാളികളുടെ സർക്കാർ: ഏകനാഥ് ഷിൻഡെ
സാധാരണക്കാർക്കായി പ്രവർത്തിക്കുകയാണ് സർക്കാരിൻ്റെ മുൻഗണനയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പിന്നോക്ക വിഭാഗങ്ങൾ, മറാത്ത, ധൻഗർ സമുദായങ്ങൾക്ക് സംവരണ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി, സംസ്ഥാന സെക്രട്ടേറിയറ്റിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു ഷിൻഡെ.
സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളിവർഗത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് തങ്ങളുടെ മുൻഗണന. ആദ്യ ദിവസം മുതൽ ഇതിനായി പ്രവർത്തിക്കാൻ തുടങ്ങി. സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഒബിസി, മറാത്ത, ധൻഗർ (ഇടയൻ) സമുദായങ്ങളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുകയാണ്. 28 ജില്ലകളിലായി 15 ലക്ഷം ഹെക്ടർ സ്ഥലത്തെ പ്രളയം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതർക്കുള്ള സഹായം ഇരട്ടിയാക്കിയിട്ടുണ്ടെന്നും, വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ശാസ്ത്രീയമായ രീതിയിൽ നദികളുടെ ആഴം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.