തക്കാളി വിറ്റ് ഒരു മാസം കൊണ്ട് കോടീശ്വരനായി ഒരു കർഷകൻ
ഇന്ധന വിലയെപ്പോലും നാണിപ്പിക്കും വിധം രാജ്യത്ത് തക്കാളി വില അനുദിനം കുതിച്ചുയരുകയാണ്. തക്കാളി വില 300 രൂപയിലെത്തുമെന്ന റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളി ഉൽപ്പാദനം കുറഞ്ഞത് വീണ്ടും വില ഉയരാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ. വിലക്കയറ്റം പൊതുജനങ്ങൾക്ക് തിരിച്ചടിയാകുമ്പോൾ, തക്കാളി വിറ്റ് കോടീശ്വരനായ ഒരു കർഷകന്റെ വാർത്തയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്നത്.
മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ തക്കാളി കൃഷി ചെയ്യുന്ന തുക്കാറാം ഭാഗോജി ഗായകർ ആണ് വിലകയറ്റം കൊണ്ട് ‘ജാക്ക്പോട്ട്’ അടിച്ച ഭാഗ്യവാൻ. തന്റെ 18 ഏക്കർ കൃഷിഭൂമിയിൽ മകൻ ഈശ്വർ ഗയാകറിന്റെയും മരുമകൾ സോണാലിയുടെയും സഹായത്തോടെ 12 ഏക്കറിലാണ് തുക്കാറാം തക്കാളി കൃഷി ചെയ്യുന്നത്. ഒരു മാസം കൊണ്ട് 13,000 പെട്ടി തക്കാളി വിറ്റ് തുക്കാറാം സമ്പാദിച്ചത് 1.5 കോടിയിലേറെ.
ഒരു പെട്ടി തക്കാളിയിൽ നിന്ന് തുക്കാറാമിന് പ്രതിദിനം 2100 രൂപയാണ് ലഭിക്കുന്നത്. വെള്ളിയാഴ്ച ആകെ 900 ക്രേറ്റുകൾ വിറ്റ ഗയാക്കർ ഒറ്റ ദിവസം കൊണ്ട് നേടിയത് 18 ലക്ഷം രൂപ. കഴിഞ്ഞ മാസം ഒരു പെട്ടിക്ക് ഗുണനിലവാരമനുസരിച്ച് 2400 രൂപ വരെ ലഭിച്ചിരുന്നു. നല്ല ഗുണനിലവാരമുള്ള തക്കാളിയാണ് കൃഷി ചെയ്യുന്നതെന്നും രാസവളങ്ങളെയും കീടനാശിനികളെയും കുറിച്ചുള്ള അറിവ് കൃഷിക്ക് സഹായകരമാണെന്നും തുക്കാറാം പറയുന്നു. പൂനെ ജില്ലയിലെ ജുന്നാർ പട്ടണത്തിൽ തക്കാളി കൃഷി ചെയ്യുന്ന നിരവധി കർഷകർ കോടീശ്വരന്മാരായി മാറിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ടിൽ പറയുന്നുണ്ട്.