Friday, April 11, 2025
National

70 പെട്ടി തക്കാളി വിറ്റു; പണം തട്ടിയെടുക്കാന്‍ ആന്ധ്രയില്‍ അക്രമിസംഘം തക്കാളി കര്‍ഷകനെ ശ്വാസംമുട്ടിച്ച് കൊന്നു

ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി പണം കവര്‍ന്നു. തക്കാളി വില ഉയര്‍ന്നതോടെ കര്‍ഷകന്റെ കൈയില്‍ ധാരാളം പണം ഉണ്ടെന്ന് കരുതിയുള്ള കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. ആന്ധ്രയിലെ അന്നമയ്യയിലാണ് സംഭവം.

62 വയസുകാരനായ നരേം രാജശേഖര്‍ റെഡ്ഡിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹം മാര്‍ക്കറ്റില്‍ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിവരുമ്പോഴാണ് അക്രമി സംഘം പിന്തുടര്‍ന്ന് ഇദ്ദേഹത്തെ കെട്ടിയിട്ട് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ശേഷം ഇദ്ദേഹത്തെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തക്കാളി വിളവെടുപ്പ് കഴിഞ്ഞെന്നും റെഡ്ഡി ഗ്രാമ വിട്ട് പോയിരിക്കുകയാണെന്നും ഇദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചറിഞ്ഞ ശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. തക്കാളി വില വര്‍ധിച്ച സാഹചര്യത്തില്‍ കവര്‍ച്ചാ ശ്രമം തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വിളവെടുപ്പിന് ശേഷം കര്‍ഷകന്‍ കഴിഞ്ഞ ദിവസം 70 പെട്ടി തക്കാളി മാര്‍ക്കറ്റില്‍ വിറ്റിരുന്നതായാണ് പൊലീസ് പറയുന്നത്. അജ്ഞാതരായ അക്രമി സംഘത്തെ കണ്ടെത്താന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *