Friday, January 10, 2025
National

‘രാജ്യസുരക്ഷയില്‍ കരസേനയുടെ സംഭാവന സമാനതകളില്ലാത്തത്’, കരസേന ദിനത്തില്‍ പ്രധാനമന്ത്രി

ദില്ലി : രാജ്യസുരക്ഷയില്‍ ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പ്രധാനമന്ത്രി കരസേനയുടെ സേവനത്തെ പുകഴ്ത്തിയത്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കരസേനാ ദിനം, സൈന്യം ഇന്ന് ദില്ലിക്ക്‌ പുറത്താണ് ആഘോഷിച്ചത്. ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിന്റെ പരേഡ് ഗ്രൗണ്ടിൽ കരസേനയുടെ വിവിധ റെജിമെന്റുകൾ അണിനിരന്ന ഗംഭീരപ്രകടനങ്ങൾ അരങ്ങേറി. 1949-ൽ ബ്രിട്ടീഷ് കമാൻഡർ ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറിൽ നിന്ന് ഫീൽഡ് മാർഷൽ കെ എം കരിയപ്പ ചുമതല ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആഘോഷിക്കുന്നത്. 1949 മുതൽ രാജ്യതലസ്ഥാനത്താണ് കരസേനാഘോഷങ്ങൾ നടന്നിട്ടുള്ളത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലാണ് കരസേന ആ ചരിത്രം മാറ്റിയെഴുതിയത്. ചരിത്രത്തിലാദ്യമായി ദില്ലിക്ക്‌ പുറത്ത് നടന്ന കരസേനാദിനാഘോഷം സൈന്യത്തിന്റെ ഗംഭീരപ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. അശ്വാരൂഡസേനയുൾപ്പടെ എട്ട് സേനാ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. അഞ്ച് റെജിമെന്റുകളുടെ മിലിട്ടറി ബാൻഡ് പരേഡിൽ അരങ്ങേറി.

ജമ്മു കശ്മീരിൽ സമാധാനം പുലരാതിരിക്കാൻ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ടെന്ന് കരസേനമേധാവി ജനറൽ മനോജ്‌ പാണ്ഡെ പറഞ്ഞു. ഇന്ത്യൻ സൈന്യം അത്തരം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണ്. അതിർത്തി കടന്ന് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ നേരിടാൻ സൈന്യം ജാഗ്രത പുലർത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജമ്മു കാശ്മീരിൽ ശ്രദ്ധ നേടാനായി മാത്രം ഒരു വിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച് വധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങൾ ഉണ്ട്. അത്തരം ഒരു നീക്കവും സൈന്യം വച്ച് പൊറുപ്പിക്കില്ലെന്നും ജനറൽ മനോജ്‌ പാണ്ഡെ പറഞ്ഞു.
കരസേന ദിനം ആഘോഷിച്ച് രാജ്യം: സൈന്യത്തിൻ്റെ പുതിയ ഫിൽഡ് യൂണിഫോം പുറത്തിറക്കി

­

Leave a Reply

Your email address will not be published. Required fields are marked *