‘ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധം’; ഷായുടെ ഹിന്ദി ദിവസ് പ്രസംഗത്തിൽ ഉദയനിധി
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. ഷാ ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അഞ്ചിൽ താഴെ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി.
ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നു – പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു’, പതിവുപോലെ ഹിന്ദിയോടുള്ള സ്‌നേഹം ചൊരിഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതാണിത്. ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന ആക്രോശത്തിന്റെ ബദൽ രൂപമാണിത് – അമിത് ഷായുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
തമിഴ്‌നാട്ടിൽ തമിഴ് – കേരളത്തിൽ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത്? ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണം. നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി പറഞ്ഞു.
‘ഹിന്ദി’ ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഏകീകരിക്കുന്നുവെന്നാണ് ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അമിത് ഷാ പറഞ്ഞത്. ഹിന്ദി ഒരു ജനകീയ ഭാഷയാണ്. മറ്റ് ഇന്ത്യൻ ഭാഷക്കളോട് ഹിന്ദി മത്സരിക്കുന്നില്ല. എല്ലാ ഭാഷകളും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ശക്തമായ ഒരു രാജ്യം ഉയർന്നുവരുകയുള്ളൂവെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.