നാല് മാസത്തെ ലോക്ക്ഡൗൺ തടഞ്ഞത് 78,000 വരെ കോവിഡ് മരണം; ആരോഗ്യമന്ത്രി ലോക്സഭയിൽ
ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണവും കോവിഡ് മരണവും ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവുമായി ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നടത്തിയ നാല് മാസത്തെ ലോക്ക്ഡൗൺ 37,000 മുതൽ 78,8000 വരെ കോവിഡ് മരണം തടയാൻ കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി ലോക്സഭയിൽ പറഞ്ഞു.
14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനും ലോക്ക്ഡൗൺ കാരണമായെന്ന് മന്ത്രി വിശദീകരിച്ചു. ഇതേ സമയം ലോക്ക്ഡൗണിനിടെ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി കൂട്ടിചേർത്തു.
ഐസോലേഷൻ ബെഡുകളും ഐ.സിയു ബെഡുകളും ഉൾപ്പടെ നിരവധി സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. പി.പി.ഇ. കിറ്റ്, എൻ-95 മാസ്ക്, വെന്റിലേറ്ററുകൾ തുടങ്ങിയവ കൂടുതൽ ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യ നിരവധി വഴികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച 92,071 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1136 പേരാണ് ഒരു ദിവസം മരിച്ചത്.