ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി
ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവിൽ സെപ്റ്റംബർ 14 ലേക്ക് നീട്ടിയിരിക്കുകയാണ്.
ആധാർ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാർ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടിൽ ഇന്റർനെറ്റുണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ ഓൺലൈനായും ആധാർ പുതുക്കാം.
ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://myaadhaar.uidai.gov.in/ ഇ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യണം. ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നൽകിയാൽ നിങ്ങൾ ആധാർ അപ്ഡേഷൻ പേജിലെത്തും.
ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാർ അപ്ഡേഷൻ റിക്വസ്റ്റ് പോകും. തുടർന്ന് സ്‌ക്രീനിൽ നിന്ന് അക്ക്നോളജ്മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ആധാർ അപ്ഡേറ്റ് ആയോ എന്നറിയാൻ ഇതേ വെബ്സൈറ്റിൽ തന്നെ ആധാർ അപ്ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മതി.