ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ നിന്ന് ഗംഭീര തുടക്കം; രാഹുല്‍ ഗാന്ധിയുടെ യാത്ര ഭരണഘടനയെ സംരക്ഷിക്കാനെന്ന് ഖര്‍ഗെ
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ നിന്ന് തുടക്കം. മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ ഒരു സ്വകാര്യ ഗ്രൗണ്ടില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. ഒരു ദിവസം യാത്ര മണിപ്പൂരിലും ഇംഫാലിലുമായുണ്ടാകും. രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് യാത്രയുടെ ഫഌഗ് ഓഫ് നിര്‍വഹിച്ചത്.
കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു യാത്രയെ അഭിസംബോധന ചെയ്തുകൊണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസംഗം. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന മൂല്യങ്ങളെ സംരക്ഷിക്കാനാണ് രാഹുലിന്റെ ഈ യാത്രയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടനയ്ക്കും കര്‍ഷകരുടെ അവകാശങ്ങള്‍ക്കും യുവാക്കള്‍ക്ക് തൊഴിലവസരങ്ങളുണ്ടാകാനും വിലക്കയറ്റത്തെ തടയാനുമാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
66 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. രാവിലെ11 ഓടെ ഇംഫാലില്‍ എത്തിയ രാഹുല്‍ കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാണ് തൗബാലിലെത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി അംഗങ്ങള്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് തൗബലില്‍ ഫഌഗ് ഓഫ് പരിപാടി സംഘടിപ്പിച്ചത്.