ജോഷിമഠ് ഭൗമ പ്രതിഭാസത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ അന്വേഷിക്കും
ജോഷിമഠ് ഭൗമ പ്രതിഭാസത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ അന്വേഷിക്കും. എൻ ടി പി സി യുടെ പങ്കിനെക്കുറിച്ചും അന്വേഷണം ഉണ്ടാവും. ഭൂഗർഭ തുരങ്ക നിർമ്മാണം പ്രശ്നത്തിന് കാരണമായോ എന്ന് പരിശോധിക്കും. ഭൗമ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ 8 സ്ഥാപനങ്ങളെ നിയോഗിച്ചു. അതേസമയം ജോഷിമഠിൽ ഭൗമപ്രതിഭാസത്തെ തുടർന്നുണ്ടായ ആശങ്ക അനുനിമിഷം വർധിക്കുകയാണ്. രാത്രിയിലും മഴയും മഞ്ഞു വീഴ്ചയും ഉണ്ടായതിന്റെ ഭീതിയിലാണ് ജനങ്ങൾ.
കഴിഞ്ഞ ദിവസം മഴക്ക് പിന്നാലെ കെട്ടിടങ്ങളിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടർന്ന് കെടുപാടുകൾ സംഭവിക്കാത്ത വീടുകളിൽ നിന്നു പോലും ആളുകൾ ഒഴിഞ്ഞ് പോകുകയാണ്.
പ്രശ്ന ബാധിതരായ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക്,വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു. പ്രശ്ന ബാധിതർക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാൻ ആരംഭിച്ചു.
ഇതിനിടെ ജോഷിമഠ് ഭൗമ പ്രതിഭാസത്തിൽ ആശങ്ക പ്പെടുത്തുന്ന കണ്ടെത്തലുമായി ഐഎസ്ആർഒ. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐഎസ്ആർഒയുടെ കണ്ടെത്തൽ.
ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ജോഷിമഠ് 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. 2022 ഡിസംബർ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തിയും വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.