യമുനയിൽ ജലനിരപ്പ് ഉയരുന്നത് സർവകാല റെക്കോഡിലേക്ക്; ഡല്‍ഹിയില്‍ പ്രളയ ഭീഷണി
ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. ഇപ്പോൾ നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിലെത്തുകയാണ്. 208.41 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതിനു മുൻപ് 1978 ലാണ് ജലനിരപ്പ് 207 മീറ്റർ കടന്നത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രളയ ഭീഷണി. ഇതിനോടകം തന്നെ തീരപ്രദേശങ്ങളിലേക്ക് വെള്ളം കടന്നു കഴിഞ്ഞു.
യമുനയിലെ ജലനിരപ്പ് രാത്രിയിൽ കൂടുതൽ ഉയർന്നതോടെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. .ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.
ബാരേജിൽ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബാരേജിൽ നിന്ന് അധിക വെള്ളം തുറന്നുവിടേണ്ടതുണ്ട് എന്നാണ് കേന്ദ്രം മറുപടി നൽകിയത്.
ഹരിയാന ബാരേജിൽ നിന്നുള്ള നീരൊഴുക്ക് ഉച്ചയ്ക്ക് 2 മണി മുതൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.ഓൾഡ് ഡൽഹിയിൽ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളായതിനാൽ നിഗംബോധ് ഘട്ട് ശ്മശാനസ്ഥലം ഉപയോഗിക്കരുതെന്നും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.