നരേന്ദ്ര മോദി ഫ്രാൻസിലേക്ക്; ബാസ്റ്റിൽ ദിന പരേഡിൽ വിശിഷ്ടാതിഥിയാകും
രണ്ട് ദിവസത്തെ (ജൂലൈ 13, ജൂലൈ 14) സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. വാർഷിക ബാസ്റ്റിൽ ദിന പരേഡിൽ മോദി വിശിഷ്ടാതിഥിയാകും. വൈകുന്നേരം നാല് മണിയോടെ അദ്ദേഹം പാരീസിലെത്തും. പ്രധാനമന്ത്രിയുടെ ആറാമത്തെ ഫ്രാൻസ് സന്ദർശനമാണിത്.
അമേരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രഞ്ച് യാത്ര. ജൂലൈ 14 ന് പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും. ബാസ്റ്റിൽ ദിനത്തിൽ വിദേശ നേതാക്കളെ അതിഥികളായി ക്ഷണിക്കുന്നത് സാധാരണമല്ല. 2017 ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്തതിന് ശേഷം ആദ്യമായാണ് ഒരു വിദേശ നേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.
ഇന്ത്യൻ സായുധ സേനയുടെ 269 അംഗ ട്രൈ സർവീസസ് (ജല-കര-വായു) സംഘം ഫ്രഞ്ച് സേനയ്‌ക്കൊപ്പം പരേഡിൽ പങ്കെടുക്കും. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് റാഫേൽ യുദ്ധവിമാനങ്ങളും ഫ്രഞ്ച് ജെറ്റുകൾക്കൊപ്പം ചാംപ്‌സ് എലിസീസിന് മുകളിലൂടെയുള്ള ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. തുടർന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി വിപുലമായ ചർച്ചകൾ നടത്തും. പ്രതിരോധ കരാറുകളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി ഇമ്മാനുവൽ മാക്രോൺ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ സ്റ്റേറ്റ് വിരുന്ന് സംഘടിപ്പിക്കും. ഫ്രാൻസ് പര്യടനത്തിന് ശേഷം പ്രധാനമന്ത്രി ദുബായിലേക്ക് പോകും.