Monday, January 6, 2025
National

ബെംഗളുരു മൈസൂരു അതിവേഗപാതയ്ക്ക് എതിരെ പ്രതിഷേധം; സമരം തുടരാൻ കർഷക സംഘടനകൾ

ബെംഗളുരു : കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസൂരു അതിവേഗപാതയ്ക്ക് എതിരെ കർഷകർക്കും പ്രദേശവാസികൾക്കുമിടയിൽ പ്രതിഷേധം ശക്തമാണ്. എക്സ്പ്രസ് വേയിൽ പ്രധാന പാതയിൽ അടക്കം പണി പൂർത്തിയാകാനുണ്ട് എന്നതാണ് യാഥാർഥ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും, ഇതിനെതിരെ സമരം തുടരുമെന്നും കർഷകസംഘടനകൾ പറയുന്നു.

റോഡിന് സ്ഥലം വിട്ട് നൽകിയ 99% കർഷകരും ആ റോഡിലൂടെ സഞ്ചരിക്കുന്നവരല്ല. ഞങ്ങളുടെ വിളകൾ പ്രധാന റോഡിലെത്തിക്കാൻ ഇവിടെ ഞങ്ങൾക്ക് നല്ല റോഡ് വേണം. മൈസുരു, മാണ്ഡ്യ മേഖലകളിലെ 99% സാധാരണക്കാരും ആ റോഡ് ഉപയോഗിക്കുന്നവരല്ല. ഒരു ശതമാനം ആളുകൾക്ക് വേണ്ടിയാണോ ഇവിടെ സൗകര്യം ഒരുക്കുക? കർഷകരുടെ ചോദ്യം ഇതാണ്

കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്ത് ബെംഗളുരു മൈസൂരു എക്സ്പ്രസ് വേയിൽ വെള്ളം കയറി. അന്ന് വെള്ളക്കെട്ടിൽ ലോറികളും കാറുകളും അടക്കം മുങ്ങിപ്പോയിട്ടും, അടിപ്പാതകളിലടക്കം വെള്ളം പൊന്താതിരിക്കാൻ വേണ്ട നടപടികളൊന്നും ദേശീയ പാതാ അതോറിറ്റി ഇപ്പോഴും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. രാമനഗര, ചന്നപട്ടണ, മാണ്ഡ്യ, മധൂർ, ശ്രീരംഗപട്ടണ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള വഴികളും സർവീസ് റോഡുകളും ഇപ്പോഴും മോശം സ്ഥിതിയിലാണ്. അടിപ്പാതകളിൽ മഴക്കാലമായാൽ വെള്ളം കയറും. പലയിടത്തും ടാറിംഗ് പോലും പൂർത്തിയായിട്ടില്ല.

ഇതിനെല്ലാമിടയിലാണ് ദേശീയപാതയിൽ ടോൾ പിരിക്കാൻ തീരുമാനമായത്. ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ മാസം ഇതിനെതിരെ നാട്ടുകാരും കർഷകരും ഉയർത്തിയത്. പ്രധാനമന്ത്രി എത്തിയപ്പോഴും കണ്ടു പ്രതിഷേധം.പ്രതിഷേധങ്ങളെത്തുടർന്ന് തൽക്കാലം ഈ പാതയിൽ ടോൾ പിരിവില്ല. പക്ഷേ സൗകര്യങ്ങൾ നിർമിച്ച് കിട്ടുംവരെ സമരം തുടരുമെന്ന് പറയുന്നു കർഷകസംഘടനകൾ.

കർണാടകയിൽ പൊന്ന് വിളയുന്ന മണ്ണാണ് മാണ്ഡ്യ. പച്ചക്കറികളും കരിമ്പും നെല്ലുമടക്കം ഇവിടെ നിന്ന് എളുപ്പത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ സർവീസ് റോഡുകൾ മെച്ചപ്പെടണം. കർഷകരുടെ വോട്ട് നിർണായകമായ മാണ്ഡ്യയിൽ പ്രതിഷേധങ്ങൾ തണുപ്പിക്കാതെ വോട്ട് കിട്ടില്ലെന്ന് സർക്കാരും തിരിച്ചറിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *