തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം: മരണസംഖ്യ 19 ആയി
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സത്തൂരിന് സമീപം അച്ചന്‍കുളം ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മരണപ്പെട്ടവരില്‍ ഗര്‍ഭിണിയായ സ്ത്രീയും കോളജ് വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 11 പേരില്‍ സ്ത്രീകളാണ്. ശ്രീ മാരിയമ്മാള്‍ പടക്കനിര്‍മാണശാലയിലായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. പടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ 30 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സത്തൂരിലെയും ശിവകാശിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായ പടക്കങ്ങളും രാസവസ്തുക്കളും സ്‌ഫോടനത്തില്‍ കത്തിനശിച്ചു.
ഫാക്ടറിക്കെട്ടിടത്തിനു നാശനഷ്ടം സംഭവിച്ചു. മരിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലിസ്. ലൈസന്‍സ് ഉടമ സന്താനമാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും പോലിസ് പറഞ്ഞു. ഫാക്ടറിയില്‍ 60 ഓളം മുറികളാണുണ്ടായിരുന്നത്. ഫാക്ടറിയിലെ 15 മുറികള്‍ പൂര്‍ണമായും 13 എണ്ണം ഭാഗികമായും കത്തിനശിച്ചു. വെംബക്കോട്ടൈ, ശിവകാസി, സത്തൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്ന് റെസ്‌ക്യൂ വാഹനങ്ങളും 30 രക്ഷാപ്രവര്‍ത്തകരും ജില്ലാ ഫയര്‍ ഓഫിസര്‍ (ഡിഎഫ്ഒ) ഗണേശന്റെ നേതൃത്വത്തിലുള്ള നാല് അഗ്‌നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
100 ശതമാനം പൊള്ളലേറ്റ സത്തൂര്‍ മേലാത്തേരുവിലെ എം ഗോപാല്‍ (30), 90 ശതമാനം പൊള്ളലേറ്റ സത്തൂരിലെ ജെ വനരക്ക് (51) എന്നിവരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കുടുംബത്തെ തിരിച്ചറിയുന്നതിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ വീതവും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്ന് പളനിസ്വാമി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.