മൂന്ന് നില, 18 മുറികൾ, 3,200 കിലോമീറ്റർ യാത്ര; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീയാത്രയ്ക്ക് ഗംഗാ തീരത്ത് തുടക്കം
ജലപാതാ വികസനം വരും വർഷങ്ങളിൽ രാജ്യത്തെ യാത്രസൌകര്യങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ വാരണാസിയിൽ എംവി ഗംഗാ വിലാസ് ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരമാണ് വാരണാസിയിൽ നിന്നുള്ള ആഡംബര യാത്ര പിന്നിടുക.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീ യാത്രയ്ക്ക് ഗംഗാ തീരത്ത് തുടക്കം. വാരണാസിയിലെ രവിദാസ് ഘട്ടിൽ നിന്നാണ് കപ്പൽ പുറപ്പെടുക. ചരിത്രനിമിഷമാണ് ഇതെന്ന് യാത്ര ഫ്‌ലാഗ് ഒഫ് ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
3 മേൽത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ‘എംവി ഗംഗാ വിലാസ്’ കപ്പൽ. ജിം, സ്പാ സെന്റർ, ലൈബ്രറി എന്നിവയുമുണ്ട്. സ്വിറ്റ്‌സർലൻഡിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള 31 യാത്രക്കാരുടെ സംഘമാണ് കപ്പലിൽ യാത്ര ആരംഭിച്ചത്.