Wednesday, April 16, 2025
National

അദാനി ഗ്രൂപ്പിന് രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ്

രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചു. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഗ്രൂപ് ഒരുങ്ങുന്നത്.

അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. “അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ലൈസൻസ് അനുവദിച്ചു” എന്ന് ഒരു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് (എഡിഎൻഎൽ) അടുത്തിടെ നടന്ന 5ജി സ്പെക്‌ട്രം ലേലത്തിൽ 20 വർഷത്തേക്ക് 212 കോടി രൂപ വിലമതിക്കുന്ന 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു.

“പുതിയതായി ഏറ്റെടുത്ത 5G സ്പെക്‌ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത് അദാനി ഗ്രൂപ്പിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോർട്ട്‌ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷന്റെ വേഗതയും വ്യാപ്തിയും ത്വരിതപ്പെടുത്തും” എന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഇതോടെ ജിയോ-എയര്‍ടെല്‍ എന്നിവയോട് മത്സരിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇനി കാണാനിരിക്കുന്നത്. ലൈസന്‍സ് സ്വന്തമാക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, മുംബൈ, ഗുജറാത്ത്, കര്‍ണാടക ഉള്‍പ്പടെയുള്ള ആറ് സര്‍ക്കിളുകളിലെ സേവനത്തിന് മാത്രമാണ് ഇപ്പോൾ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *