രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ഇനി ചെരിപ്പിടൂ’; ഭാരത് ജോഡോ യാത്രയിൽ ശപഥവുമായി ഒരു യുവാവ്
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ഒരു ശപഥവുമായി ഒപ്പം സഞ്ചരിക്കുന്ന ഒരാളുണ്ട്. കന്യാകുമാരി മുതൽ കശ്മീർ വരെ ചെരുപ്പിടാതെയാണ് ഇദ്ദേഹം പദയാത്രയിൽ നടക്കുന്നത്. ആരാണാ കഥാപാത്രമെന്നും എന്താണ് അദ്ദേഹത്തിൻറെ ശപഥമെന്നും കാണാം.
വേഷഭൂഷാദികൾ കൊണ്ട് വ്യത്യസ്തനായ ഈ ചെറുപ്പക്കാരനെ കന്യാകുമാരി ബീച്ചിൽ വെച്ചാണ് ആദ്യം ശ്രദ്ധിക്കുന്നത്. ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി രാഹുൽഗാന്ധിയുടെ ചിത്രമുളള പതാക വീശിയെറിയുന്ന ഇദ്ദേഹം ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. പദയാത്രയെ വരവേൽക്കാൻ തെരുവുകളിൽ തിങ്ങി നിറഞ്ഞ ആളുകൾക്കിടയിലും ആവേശം തീർക്കുകയാണ് ഇദ്ദേഹം.
പേര് പണ്ഡിറ്റ് ദിനേശ് ശർമ. ഹരിയാന സ്വദേശിയാണ്. രാഹുൽ ഗാന്ധിക്കൊപ്പം കശ്മീർ വരെ സഞ്ചരിക്കാനാണ് ദിനേശ് ശർമയുടെ തീരുമാനം. കിലോമീറ്ററുകൾ താണ്ടുന്ന പദയാത്രയിൽ പക്ഷേ ചെരുപ്പിടാതെയാണ് ഈ ചെറുപ്പക്കാരൻറെ നടത്തം. അതിന് പിന്നിലൊരു ശപഥമുണ്ട്. രാഹുൽഗാന്ധി പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന നേർച്ചയിലാണ് ദിനേശ് ശർമ
ടാറിട്ട റോഡിലെ പൊളളുന്ന ചൂട് മറികടക്കാൻ പലരും ഷൂസും സോക്‌സും ഒക്കെയിട്ട് നടക്കുമ്പോഴാണ്, നഗ്‌നപാദനായി കിലോമീറ്ററുകൾ താണ്ടാനുളള ദിനേശ് ശർമയുടെ തീരുമാനം