Saturday, October 19, 2024
National

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന നിലപാട്; കോൺഗ്രസ് നേതൃത്വത്തിനെതിരെ നേതാക്കൾ

അയോധ്യ വിഷയം കോൺഗ്രസിൽ പുകയുന്നു. ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിൽ കോൺഗ്രസ് പ്രതിരോധത്തിലാണ്. വിഷയത്തിൽ പരസ്യം പ്രതികരണം ഒഴിവാക്കണമെന്നാണ് ഹൈക്കമാൻഡ് പിസിസികൾക്ക് നൽകിയ നിർദ്ദേശം.

അതേസമയം വിഷയത്തിൽ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. ശ്രീരാമനെ വിശ്വാസമില്ലാത്തവരാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വിമർശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രത്തിൽ പോകുന്നത് ജനം ഓർക്കുമെന്നും മീനാക്ഷി ലേഖി പറഞ്ഞു.

ബഹിഷ്കരിക്കുമെന്നാണ് കോൺഗ്രസ് നിലപാടെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിംഗ് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നത് പുത്ര ധർമ്മമെന്നാണ് വിക്രമാദിത്യ സിംഗ് പറഞ്ഞത്. രാമക്ഷേത്രത്തിന് വേണ്ടി പ്രവർത്തിച്ച വീരഭദ്ര സിംഗിന്റെ മകൻ എന്ന നിലയിൽ, ചടങ്ങിൽ പങ്കെടുക്കേണ്ടത് തന്റെ ധർമ്മമാണെന്നാണ് വിക്രമാദിത്യ സിംഗിന്റെ നിലപാട്.

അയോധ്യയിലേക്ക് പ്രത്യേക തീർത്ഥാടന പദ്ധതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഛത്തീസ്ഗഡ്. രാംലല ദർശൻ സ്‌കീം എന്ന പേരിൽ അയോധ്യ തീർത്ഥാടനത്തിനുള്ള പദ്ധതി ഛത്തീസ്ഗഡ് സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 25000 തീർത്ഥാടകർക്ക് അയോധ്യ സന്ദർശിക്കാൻ സൗകര്യമൊരുക്കുന്നതാണ് പദ്ധതി.

കോൺഗ്രസ് തീരുമാനത്തിൽ നിരാശ അറിയിച്ച് പാർട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനും രംഗത്തുവന്നു. തീരുമാനം നിരവധി പാർട്ടി പ്രവർത്തകരുടെ ഹൃദയം തകർത്തു. തീരുമാനം വളരെ വേദനാജനകമാണ്. ചില വ്യക്തികളുടെ പങ്കാണ് പാർട്ടി ഇത്തരത്തിൽ തീരുമാനം എടുക്കാൻ ഇടയാക്കിയത്. കോൺഗ്രസ് ശ്രീരാമനും ഹിന്ദുക്കൾക്ക് എതിരല്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല എന്നാണ് കോൺഗ്രസിൻ്റെ തീരുമാനം. ക്ഷണം കോൺ​ഗ്രസ് നിരസിച്ചു. ചടങ്ങ് ആർഎസ്എസ്-ബിജെപി പരിപാടിയാണെന്നും ആദരവോടെ ക്ഷണം നിരസിക്കുന്നു എന്നും കോൺ​ഗ്രസ് പറഞ്ഞു. പരിപാടി തെരഞ്ഞെടുപ്പ് നേട്ടത്തിനെന്നും കോൺഗ്രസ് വിമർശിച്ചു. മതം വ്യക്തിപരമായ വിഷയമാണെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയ പരിപാടിയാണെന്നും കോൺ​ഗ്രസ് ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

സോണിയ​ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്ക് ക്ഷണം ലഭിച്ചിരുന്നു. കോൺ​ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തിൽ അഭ്യൂഹം നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ കോൺ​ഗ്രസ് അയോധ്യയിലേക്കില്ലെന്ന് ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഈ മാസം 22നാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ്.

Leave a Reply

Your email address will not be published.