മോപ്പ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ഗോവയിലെ മോപ്പ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. മോപ്പ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ടം ആണ് ഇന്ന് കമ്മീഷന്‍ ചെയ്യുന്നത്. നോര്‍ത്ത് ഗോവയിലെ മോപ്പയില്‍ 2,870 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വിമാനത്താവളം സംസ്ഥാനത്തെ രണ്ടാമത്തെ വിമാനത്താവളം ആയിരിക്കും.
ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 44 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകുമെന്നും പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കിയാല്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഗോവയില്‍ ഇപ്പോഴുള്ള ദബോലിം വിമാനത്താവളത്തിന് ഒരു വര്‍ഷം 85 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെങ്കിലും ചരക്ക് ഗതാഗതത്തിനുള്ള സൗകര്യം ഇവിടെ ഇല്ലെന്നും അത്തരം പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജിഎംആര്‍ ഗോവ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനാണ് 40 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല. ഇത് 20 വര്‍ഷം വരെ നീട്ടിയേക്കാം. നോര്‍ത്ത് ഗോവയിലെ 2,312 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം ഉള്ളത്. സംസ്ഥാന തലസ്ഥാനമായ പനാജിയില്‍ നടക്കുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ സമാപന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും