Friday, January 10, 2025
National

ഉത്തരാഖണ്ഡ് മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ 4 പേർ പിടിയിൽ

സംസ്ഥാന മന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ നാല് പേരെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ മന്ത്രി സൗരഭ് ബഹുഗുണയെ കൊല്ലാൻ ഹൽദ്വാനി ജയിലിലെ ചില തടവുകാർ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇതിന് പിന്നാലെ മന്ത്രിയുടെ വസതിയിൽ സുരക്ഷ ശക്തമാക്കി.

ജയിലിൽ കഴിയുന്ന സമയത്ത് മന്ത്രിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയ മുഖ്യപ്രതി ഹീരാ സിംഗ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. തൻ്റെ അനധികൃത ഖനന പ്രവർത്തനങ്ങൾ കണ്ടെത്തി തടവിലാക്കിയത് ബഹുഗുണയാണെന്ന് ആരോപിച്ചാണ് ഹീരാ വധ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മന്ത്രിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പുറത്തുവന്നതോടെ സുരക്ഷാ ഏജൻസികളിലും പരിഭ്രാന്തി പടർന്നിട്ടുണ്ട്.

തിങ്കളാഴ്ച ഐജി ഇന്റലിജൻസ് എ.പി അൻഷുമാൻ മന്ത്രിയെ കാണാൻ യമുന കോളനിയിലെ വസതിയിലെത്തി. വസതിക്ക് പുറത്തുള്ള സുരക്ഷാ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തി. ഇതോടൊപ്പം അവിടെ എൽഐയു വിന്യസിക്കാൻ നിർദേശം നൽകി. പിന്നാലെ മെറ്റൽ ഡിറ്റക്ടറുകൾ, രണ്ട് കോൺസ്റ്റബിൾമാർ, എൽഐയു ഉദ്യോഗസ്ഥർ എന്നിവരെ വസതിക്ക് പുറത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പൊലീസുമായും ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.

നിലവിൽ മന്ത്രിമാരുടെ സുരക്ഷാ പ്രോട്ടോക്കോൾ മാറ്റുന്നതിനെ കുറിച്ച് ആലോചന നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സർക്കാരിന്റെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *