Monday, January 6, 2025
National

‘മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം പറയാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല, ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത് അതാണ്’; കൊടിക്കുന്നിൽ സുരേഷ്

അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിന്റെ തന്ത്രം വിജയിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പ്രധാനമന്ത്രിയെ സഭയിൽ വരുത്താനും സംസാരിപ്പിക്കാനും കഴിഞ്ഞു. ഹൈക്കോടതി വിധിയെ കുറ്റപ്പെടുത്തി പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗം. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം പറയാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. ഇനി എന്ത് ചെയ്യാൻ കഴിയും എന്ന് പ്രധാനമന്ത്രി പറഞ്ഞില്ല. മണിപ്പൂരിലെയും ഇന്ത്യയിലെയും ജനങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത് അതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

അധിർ രഞ്ജൻ ചൗദരിക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമാണ്. പാർലമെന്ററി ജനാധിപത്യത്തെ കുഴിച്ചുമൂടി കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തമന്ത്രിയെയും വിമർശിച്ചതിനാണ് നടപടി. അധിർ ചൗദരിയെ ആക്രമിക്കാൻ പാഞ്ഞടുത്ത ബിജെപിയുടെ വിരേന്ദ്ര സിംഗിനെതിരെ നടപടി എടുത്തില്ല.
ഒരു ഏകാധിപതിയുടെ വാഴ്ചയാണ് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം പാർലമെന്‍റ് വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകും. മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം.

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ ഉയർത്തി പ്രതിപക്ഷം ഇന്ന് സഭയിൽ പ്രതിഷേധിക്കും. മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യം രാജ്യസഭയിൽ ഇന്നും പ്രതിപക്ഷം ചോദ്യംചെയ്യും.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം പ്രമേയത്തിലൂടെ ലോക്സഭാ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ പുറത്താക്കിയ നടപടി ഇൻഡ്യ മുന്നണി ഇന്ന് ലോക്സഭയിൽ ചോദ്യംചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *