Monday, January 6, 2025
National

അവിശ്വാസ പ്രമേയത്തില്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും; അമിത് ഷാ മണിപ്പൂരിലെ കേന്ദ്രസർക്കാർ ഇടപെടലിനെക്കുറിച്ച് വിശദീകരിക്കും

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ ഇന്നും ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രസംഗിക്കും. മണിപ്പുർ കലാപത്തെക്കുറിച്ചും കേന്ദ്രസർക്കാർ ഇടപെടലിനെക്കുറിച്ചും വിശദീകരിക്കും. വൈകീട്ട് അ‍ഞ്ച് മണിക്കാണ് അമിത് ഷായുടെ പ്രസംഗം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജസ്ഥാനിലെ മംഗാർ ദാമിൽ പൊതു പരിപാടിയിൽ പങ്കടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും.

അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലോകം ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

രാഹുല്‍ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നെങ്കിലും സംസാരിച്ചില്ല. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇന്നലെ സഭയില്‍ ഹാജരായിരുന്നു. രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് സ്പീക്കര്‍ക്ക് എഴുതിക്കൊടുത്തിട്ട് ആളെ മാറ്റിയതെന്താണെന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ചോദ്യം ബഹളത്തിനിടയാക്കി. പ്രധാനമന്ത്രി സഭയിലുള്ളപ്പോള്‍ സംസാരിക്കാനാണ് രാഹുല്‍ ഗാന്ധി താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ടാണ് പ്രസംഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *