Thursday, January 9, 2025
National

യുപിയിൽ വിധവയെയും മകളെയും പീഡിപ്പിച്ച ശേഷം മതംമാറ്റാൻ ശ്രമിച്ചതായി ആരോപണം

ഉത്തർപ്രദേശിൽ വിധവയെയും 12 വയസ്സുള്ള മകളെയും പീഡിപ്പിച്ചതായി പരാതി. ബലാത്സംഗത്തിന് ശേഷം മതം മാറാൻ പ്രതികൾ നിർബന്ധിച്ചതായും ആരോപണം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ബരാദാരിയിലാണ് പീഡന പരാതിയുമായി വിധവ രംഗത്തെത്തിയത്.

വിധവയായ യുവതി വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. മൂന്ന് മാസം മുമ്പ് ഇറാം സെയ്ഫി എന്ന സ്ത്രീയുമായി താൻ സൗഹൃദത്തിലായെന്ന് യുവതി പരാതിയിൽ പറയുന്നു. താനുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം, സെയ്ഫി ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ വീട്ടിലേക്ക് കൊണ്ടുവരാൻ തുടങ്ങി. അവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്നും യുവതി ആരോപിക്കുന്നു.

തന്റെ വീഡിയോകൾ പകർത്തി സെയ്ഫി തന്നെ ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സെയ്ഫിയുടെ സഹോദരൻ ബബ്‌ലു സെയ്ഫിയും പലതവണ തൻ്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും തന്റെ 12 വയസ്സുള്ള മകളെ ഇയാൾ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിച്ചു. പിന്നീട് വ്യാഴാഴ്ച സെയ്ഫി വിധവയെയും മകളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.

ഇവിടെവച്ച് ഇരുവരെയും മതം മാറാൻ നിർബന്ധിക്കുകയും, എതിർത്തപ്പോൾ പ്രതികൾ തന്നെയും മകളെയും മർദിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ ഇറാം സെയ്ഫി, ബബ്‌ലു സെയ്ഫി എന്നിവർക്കെതിരെ യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളുടെയും ബന്ധുക്കളുടെയും വസതികളിൽ റെയ്ഡ് നടക്കുന്നുണ്ടെങ്കിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *