Thursday, January 9, 2025
National

തമിഴ്‌നാട് മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ പഴനിവേല്‍ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തുനിന്ന് നീക്കി

ഓഡിയോ ക്‌ളിപ്പ് വിവാദത്തില്‍പ്പെട്ട പഴനിവേല്‍ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തു നിന്ന് നീക്കി. പകരമായി പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ സര്‍വീസ് വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. വ്യവസായ മന്ത്രിയായ്രുന്ന തങ്കം തെന്നരസാണ് തമിഴ്‌നാട്ടിലെ പുതിയ ധനകാര്യ മന്ത്രി. ഇന്ന് മന്ത്രിസഭയിലേയ്ക്ക് ടിആര്‍ബി രാജയെക്കൂടി പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പുതിയ വ്യവസായ മന്ത്രിയാക്കിക്കൊണ്ടാണ് എം കെ സ്റ്റാലിന്‍ മന്ത്രിസഭയിലെ പുതിയ അഴിച്ചുപണി. മന്ത്രിസഭയ്ക്ക് പുറത്തായ സി കെ നാസര്‍ കൈകാര്യം ചെയ്തിരുന്ന ക്ഷീരവികസന വകുപ്പ് മനോ തങ്കരാജിനും നല്‍കിയിട്ടുണ്ട്.

മന്നാര്‍ഗുഡിയില്‍ നിന്നും മൂന്ന് പ്രാവശ്യം എംഎല്‍എയായി ജയിച്ച പഴനിവേല്‍ ത്യാഗരാജന്‍ ധനമന്ത്രിയെന്ന നിലയില്‍ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. മുന്‍ മന്ത്രിയും മുതിര്‍ന്ന ഡിഎംകെ നേതാവുമായ ടി ആര്‍ ബാലുവിന്റെ മകന്‍ കൂടിയാണ് പിടിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പഴനിവേല്‍ ത്യാഗരാജന്‍.

മുഖ്യമന്ത്രി സ്റ്റാലിന്റെ കുടുംബവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് പറയുന്ന പഴനിവേല്‍ ത്യാഗരാജന്റെ ശബ്ദരേഖ എന്ന പേരില്‍ ബിജെപി നേതാവ് കെ അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ ഉദയനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും അടുത്ത കാലത്ത് സമ്പാദിച്ച സ്വത്തിനെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണ് പിടിആറിന്റേത് എന്ന പേരില്‍ 26 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോയി പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *