ലോൺ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; നാലംഗ കുടുംബം ജീവനൊടുക്കി
ബംഗ്ലൂരു : അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തിനഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നായി വായ്പ എടുത്തത്. പെയിന്‍ങ് തൊഴിലാളിയാണ് ദുര്‍ഗ റാവു. ഭാര്യ രമ്യ ലക്ഷ്മി തയ്യല്‍ തൊഴിലാളിയും. മൂന്ന് മാസങ്ങള്‍ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയായി. വായ്പാ തിരിച്ചടവ് തുകയും ഇരട്ടിച്ചു. പെയിന്‍റിങ് ജോലിക്ക് ശേഷം ഫുഡ് ഡെലിവറി ജോലിയും ചെയ്ത് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 15000 ത്തോളം രൂപ മൂന്ന് മാസം കൊണ്ട് തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലോൺ ആപ്പുകളിൽ നിന്നും ലഭിച്ചു.
ചൊവ്വാഴ്ച ദുര്‍ഗറാവുവിന്‍റെ സിമ്മിലെ കോണ്‍ടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്രചരിച്ചു. ഇതോടെ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ‍്ജില്‍ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ ആന്ധ്ര സര്‍ക്കാര്‍ വിശദമായ അന്വേഷണം തുടങ്ങി. ആര്‍ബിഐ ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് എതിരെ നടപടിക്ക് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ ആറ് മാസങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ലോണ്‍ ഭീഷണിയെ തുടര്‍ന്നുള്ള നാലാമത്തെ ആത്മഹത്യയാണിത്.