മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചു; ആറ് പ്രതികളുടെ വീടുകൾ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തി സർക്കാർ
മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. ജാതവ് വിഭാഗത്തിൽ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക വിഭാഗമായ കേവാത് വിഭാഗത്തിൽ നിന്നുള്ള മറ്റൊരു വ്യക്തിയുമാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരതയ്ക്ക് ഇരകളായത്.
ജൂൺ 30ന് മധ്യപ്രദേശ് ശിവ്പുരിക്ക് സമീപമുള്ള വർഘഡിയിലാണ് സംഭവം. അജ്മത് ഖാൻ, വകീൽ ഖാൻ, ആരിഫ് ഖാൻ, ഷാഹിദ് ഖാൻ, ഇസ്ലാം ഖാൻ, രഹിഷ ബാനോ, സൈന ബാനോ എന്നിവർ രണ്ട് യുവാക്കളേയും ക്രൂരമായി തല്ലിചതച്ച് മുഖത്ത് കരി വാരി തേച്ച ശേഷം മലം തീറ്റിക്കുകയായിരുന്നു. പിന്നാലെ റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തുകയും ചെയ്തു. യുവാക്കളിൽ ഒരാളുടെ സഹോദരനാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുന്നത്. ഇരുവർക്കുമെതിരെ ലൈംഗികാരോപണമുന്നയിച്ചുകൊണ്ടാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. 23, 24 വയസുള്ള യുവാക്കൾ അക്രമണം നടത്തിയ വ്യക്തികളുടെ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയോട് ഫോണിൽ സംസാരിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ കുടുംബം പെൺകുട്ടിയെ കൊണ്ട് യുവാക്കളെ വിളിച്ചു വരുത്തുകയും വീട്ടിലെത്തിയ യുവാക്കളെ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഐപിസി സെക്ഷൻ 323, 294, 506, 328, 342, 147, 355, 270 എന്നീ വകുപ്പുകൾ പ്രകാരം കുടുംബത്തിനെതിരെ കേസെടുത്തിട്ടുണ്ട് പൊലീസ്. അക്രമികളായ അജ്മത് ഖാൻ, വകീൽ ഖാൻ, ആരിഫ് ഖാൻ, ഷാഹിദ് ഖാൻ, ഇസ്ലാം ഖാൻ, രഹിഷ ബാനോ, സൈന ബാനോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു.
തുടർന്ന് വ്യാഴാഴ്ച രാവിലെ വനംവകുപ്പ് അധികൃതരും പൊലീസും ജില്ലാ ഭരണകൂടവുമെത്തി ഇവരുടെ മൂന്ന് വീടുകൾ ബുൾ ഡോസർ ഉപയോഗിച്ച് തകർത്തു. വനംവകുപ്പിന്റെ ഭൂമിയിൽ അനധികൃതമായി വീടുകൾ പണിതു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വീടുകൾ തകർത്തത്.
സിദ്ദിയിൽ ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ അതിക്രമ സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദളിത് യുവാവിനെ മൂത്രം കുടിപ്പിച്ചതിന് ബിജെപി നേതാവ് പ്രവേശ് ശുക്ലയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്ത് അലയടിച്ചത്. ശുക്ലയുടെ പ്രവർത്തിക്കെതിരെ കോൺഗ്രസും ആഞ്ഞടിച്ചിരുന്നു. എന്നാൽ വർഘടിയിൽ ദളിത് യുവാക്കളെ മലം തീറ്റിച്ച വിഷയത്തിൽ കോൺഗ്രസ് മൗനത്തിലാണെന്ന് ബിജെപി തിരിച്ചടിച്ചു. സിദ്ദിയിലെ കേസിൽ കോൺഗ്രസ് കാണിച്ച ആവേശം എന്തുകൊണ്ടാണ് നിലവിലെ വിഷയത്തിൽ ഇല്ലാത്തതെന്നും ബിജെപി ചോദിച്ചു. കോൺഗ്രസിന് വിഷയത്തിൽ വ്യക്തമായ നിലപാടുണ്ടെന്നും, തെറ്റു ചെയ്തവർ ശിക്ഷക്കപ്പെടണമെന്നും കോൺഗ്രസ് വക്താവ് സ്വദേശ് ശർമ മറുപടിയായി പറഞ്ഞു.