കനത്തമഴയില്‍ വലഞ്ഞ് ഉത്തരരേന്ത്യ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം
ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തിൽ. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിൽ കാലവർഷം തുടങ്ങിയ ജൂൺ 24 മുതൽ ഇന്നേവരേയ്ക്കും 24 മിന്നൽപ്രളയങ്ങളും റിപ്പോർട്ട് ചെയ്തു.
പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ യമുനാനദിയും സത്‌ലജ് നദിയുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ഡൽഹി യമുന നദിയിലെ ജലനിരപ്പ് അപകടമാംവിധം ഉയർന്നിട്ടുണ്ട്. 203.62മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി സർക്കാർ പ്രളയ മുന്നറിയിപ്പു നൽകി പഞ്ചാബിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലും പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്.അതേസമയം, ഉത്തരേന്ത്യയിലാകെ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.