പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ എഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കും; ഗുസ്തി താരങ്ങൾ
ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങള്‍. ഞങ്ങൾ കടന്നു പോകുന്ന മാനസിക സമ്മർദ്ദം എത്രത്തോളം ആണെന്ന് ആർക്കും മനസ്സിലാകില്ലെന്ന് ഗുസ്തിതാരം സാക്ഷി മാലിക്ക്. ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ എന്ന് താരങ്ങൾ വ്യക്തമാക്കി.
സോനിപത്തില്‍ നടത്തുന്ന ഖാപ്പ് പഞ്ചായത്തിനോട് അനുബന്ധിച്ചാണ് സാക്ഷി മാലിക് നിലപാട് അറിയിച്ചത്.ഞങ്ങളുന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത നിലയിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഓരോ ദിവസവും ഞങ്ങള്‍ കടന്നുപോകുന്നത്” – സാക്ഷി മാലിക് പറഞ്ഞു.
ഖാപ് പഞ്ചായത്തില്‍ സാക്ഷിക്ക് പുറമെ ബജ്റംഗ് പുനിയ, സത്യവ്രത് കഡിയന്‍, ഭര്‍ത്താവ് സോംവീര്‍ രതി എന്നിവരും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കായിക മന്ത്രിയുടെ വാഗ്ദാന പ്രകാരം ജൂണ്‍ 15-നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് ബജ്റംഗ് പുനിയ വ്യക്തമാക്കി.