Sunday, April 13, 2025
National

‘വിലക്കയറ്റത്തിൽ കേന്ദ്രത്തെ വിമർശിക്കാൻ കോൺഗ്രസിന് എന്ത് അവകാശം?’; നിർമല സീതാരാമൻ

യുപിഎ ഭരണകാലത്തെ വിലക്കയറ്റത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പൂർണ്ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

കോൺഗ്രസിന്റെ ഭരണകാലത്ത് പണപ്പെരുപ്പം നിരന്തരം ഉയർന്നിരുന്നതിനാൽ ഈ വിഷയത്തിൽ കേന്ദ്രത്തെ വിമർശിക്കാൻ കോൺഗ്രസിന് അവകാശമില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ ബിജെപി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വാദിച്ച കേന്ദ്രമന്ത്രി, സർക്കാരും താനും ജനങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും വ്യക്തമാക്കി.

‘2014 മുതൽ ഇന്നുവരെ തുടർച്ചയായി പണപ്പെരുപ്പം നിയന്ത്രിക്കാൻ മോദി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർണാടകയിൽ പോലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പെട്രോളിന്റെ എക്സൈസ് നിരക്ക് രണ്ടുതവണ കുറച്ചു. വിലക്കയറ്റത്തിന്റെ കാര്യത്തിൽ ഞാൻ ജനങ്ങൾക്കൊപ്പമാണ്. വസ്തുക്കളുടെ വില കുറയേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷത്തിന് വിമർശിക്കാൻ അവകാശമില്ല, യുപിഎ ഭരണകാലത്ത് പണപ്പെരുപ്പം നിരന്തരം ഉയർന്നിരുന്നു’- നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.

പൂർണ്ണ ഭൂരിപക്ഷത്തോടെ കർണാടകയിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ നിർമല സീതാരാമൻ ജയനഗർ നിയമസഭാ മണ്ഡലത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *