Thursday, January 9, 2025
National

ഡിഎ കുടിശ്ശിക: ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും; തലവെട്ടിയാലും നൽകില്ലെന്ന് മമത

പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം സമരത്തെ നേരിടാൻ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

2020ൽ ആറാം ശമ്പള കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ഫോറം പ്രതിനിധികൾ അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി അനുവദിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. മെഡിക്കൽ ലീവുകൾ, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖം, ശിശു സംരക്ഷണം, പ്രസവം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് അവധിയെടുത്തവർക്ക് വിജ്ഞാപനം ബാധകമല്ല. വെള്ളിയാഴ്ച ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിശദീകരണം തൃപ്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

“തലവെട്ടിയാലും” സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. മാർച്ച് 6 ന് നടന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രതികരണം. ജീവനകാർക്ക് മറ്റ്‌ സംസ്ഥാനങ്ങളെക്കാളും കേന്ദ്ര ജീവനകാരേക്കാളും കൂടുതൽ അവധി ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തൃപ്തിപ്പെടണമെന്നും മമത നിയമസഭയിൽ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *