അന്ധമായ വികസനമാണ് കാരണം; ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ശങ്കരാചാര്യ മഠം
ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ശങ്കരാചാര്യ മഠം. അന്ധമായ വികസനമാണ് പ്രതിഭാസത്തിന് കാരണമെന്ന് മഠാധിപതി മുകുന്ദാനന്ദ് ബ്രഹ്‌മ ചാരി. ഭാവിയെക്കുറിച്ച് ആലോചിക്കാതെ വികസനം നടത്തുന്നത് തിരിച്ചടിയാണെന്നും വൈദ്യുതിയുടെയും ഡാമിന്റെയും റോഡിന്റെയും ചിന്ത മാത്രമാണ് അധികാരികൾക്ക് ഉള്ളതെന്നും മഠാധിപതി ആരോപിച്ചു. ഡൽഹിയിലും ഡെറാഡൂണിലുമിരുന്ന് ഭരിക്കുന്നവർക്ക് യഥാർഥസ്ഥിതി അറിയില്ലെന്നും ദുരന്തത്തിന്റെ പ്രധാനകാരണം എൻടിപിസി പ്രോജക്ടാണെന്നും മഠാധിപതി ചൂണ്ടിക്കാട്ടി. 10 – 15 വർഷമായി തുരങ്ക നിർമ്മാണം ആരംഭിച്ചശേഷമാണ് ഇത്തരം സംഭവങ്ങളും ഉണ്ടാകുന്നതെന്നും മഠാധിപതി വ്യക്തമാക്കി.
ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെയും ഭൗമപ്രതിഭാസം ബാധിച്ചുവെന്നാണ് റിപ്പോർട്ട്. ഉന്നതതല സമിതി പ്രധാനമന്ത്രിയുടെ ഓഫിസിന് റിപ്പോർട്ട് സമർപ്പിക്കും. അപകടകരമായ 200 വീടുകൾ ഇതിനകം മാർക്ക് ചെയ്തു. ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ 4000 പേരെ ഇതിനകം ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും, ഐടിബിപി യുടെയും കെട്ടിടങ്ങളിലും വിള്ളൽ കണ്ടെത്തി. ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിൽ 4000 പേരെ ഇതിനകം ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. സൈന്യത്തിന്റെയും, ഐടിബിപി യുടെയും കെട്ടിടങ്ങളിലും വിള്ളൽ കണ്ടെത്തി.
അപകടത്തിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനമായിട്ടുണ്ട്. പൊളിക്കൽ ഇന്ന് ആരംഭിക്കും. ഹോട്ടൽ മലാരി ഇൻ ആകും ആദ്യം പൊളിക്കുക. സമീപത്തുള്ള കെട്ടിടങ്ങൾക്ക് കേടു പാടുകൾ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ ആണ് പൊളിക്കൽ. ജില്ലഭരണ കൂടമാണ് കെട്ടിടം പൊളിക്കുന്നത്.
അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല സംഘം മുഖ്യമന്ത്രി പുഷ്‌കർ സിങ് ദാമിയുമായി കൂടിക്കാഴ്ച നടത്തി. ബോർഡർ മാനേജ്മെന്റ് സെക്രട്ടറി ഡോ ധർമെന്ദ്ര സിങ് ഗാങ്വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.