Saturday, April 12, 2025
National

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണം; പുസ്തകങ്ങളില്‍ ഭാരം രേഖപ്പെടുത്തണം : വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്നും പാഠപുസ്തകങ്ങളില്‍ ഭാരം രേഖപ്പെടുത്തണമെന്നുമുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ ആയിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം എന്നാണ് പുതിയ നിര്‍ദേശം. ഇതുപ്രകാരം രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം രണ്ട് കിലോ ഗ്രാമില്‍ കൂടാന്‍ പാടില്ല. പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും നിര്‍ദേശമുണ്ട്.

ഹോം വര്‍ക്ക് നല്‍കുന്നത് സംബന്ധിച്ചും വിദ്യാഭ്യാസമന്ത്രാലയം നിര്‍ദേശങ്ങള്‍ പുറത്തിറക്കി. രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അധികസമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്തതിനാലാണ് രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാത്ഥികള്‍ക്ക് ഹോം വര്‍ക്ക് ഒഴിവാക്കുന്നത്. അതിനു പകരം വൈകുന്നേരങ്ങളില്‍ എങ്ങനെ സമയം ചെലവഴിച്ചു, എന്തൊക്കെ കളിച്ചു, എന്തൊക്കെ ഭക്ഷണം കഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകര്‍ ക്ലാസില്‍ പറയിപ്പിക്കണം.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്‌ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍വരെയേ ഹോം വര്‍ക്ക് നല്‍കാവൂ. തലേ ദിവസം വൈകുന്നേരങ്ങള്‍ എങ്ങനെയാണ് ചെലവഴിച്ചത്, എന്ത് ഭക്ഷണം ആണ് കഴിച്ചത്, അതില്‍ എന്തൊക്കെ ഉണ്ടായിരുന്നു, വിദ്യാര്‍ത്ഥികളുടെ ഇഷടാനിഷ്ടങ്ങള്‍, വീട്ടില്‍ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ ഇനി ഹോം വര്‍ക്കിനു പകരമായി ക്ലാസില്‍ പറയിപ്പിക്കണം.

 

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുള്ള വഴികളും മന്ത്രാലയം വ്യക്തമാക്കി. എല്ലാ പുസ്തകങ്ങളിലും പ്രസാധകര്‍ ഭാരം രേഖപ്പെടുത്തണം. കുട്ടികളുടെ പുസ്തകം നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്‌കൂളുകളില്‍ തന്നെ ഉറപ്പാക്കണം. അങ്ങനെ ഉണ്ടായാല്‍ ചോറ്റു പാത്രവും വെള്ളക്കുപ്പിയും ബാഗിന്റെ ഭാഗമായി സ്‌കൂളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാം. ഇത് സ്‌കൂള്‍ ബാഗുകളുടെ ഭാരവും വലുപ്പവും കുറയ്ക്കാന്‍ സഹായകരമാകുമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *