ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗം; കാരണം കുടിവെള്ളത്തിലെ ലോഹ സാനിധ്യം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരുവില്‍ അജ്ഞാതരോഗത്തിന് കാരണമായത് കുടിവെള്ളത്തിലെ ലോഹ സാനിധ്യമെന്ന് പ്രാഥമിക നിഗമനം. രോഗികളുടെ രക്തപരിശോധനയില്‍ നിക്കല്‍, ലെഡ് തുടങ്ങിയവയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. കുടിവെള്ളത്തില്‍ കീടനാശിനിയുള്ളതായും കാണപ്പെട്ടു. മംഗളഗിരി എയിംസ് ഡയറക്ടര്‍ രാകേഷ് കാക്കറുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധസംഘമാണ് പരിശോധന നടത്തിയത്. കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സമര്‍പ്പിച്ചു. ഛര്‍ദിക്കുശേഷം അപസ്മാരത്തോടെ കുഴഞ്ഞുവീഴുകയാണ് ലക്ഷണം. കഴിഞ്ഞ ശനിയാഴ്ചയാണ് എലുരുവില്‍ രോഗം പടരാന്‍ തുടങ്ങിയത്. ഇതുവരെ 561 പേര്‍ക്കാണ് രോഗം ബാധിച്ചത്. 45കാരന്‍ മരിക്കുകയും ചെയ്തു. കുടിവെള്ളത്തില്‍ എങ്ങനെ ലോഹം കലര്‍ന്നുവെന്നത് ഡല്‍ഹി എയിംസിലെ വിദഗ്ധരും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു.