കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ
ഡൽഹി: തദ്ദേശ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗാനുമതി ഉടൻ ലഭിക്കും. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നും ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് കോവാക്സിന്റെ നിർമ്മാതാക്കൾ.
‘കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശകലനങ്ങൾ പ്രതീക്ഷാജനകമാണെന്നും കോവിഡ് വൈറസ് വകഭേദങ്ങളിലും വാക്സീൻ പരിശോധിച്ചിട്ടുണ്ട് എന്നത് അനുകൂലമാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. ഡെൽറ്റ വേരിയന്റിനെതിരായ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന കുറവാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം ഉയർന്നതാണെന്നും അവ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം, പരിശോധനകൾ നടന്നുവരികയാണെന്നും സൗമ്യ സ്വാമിനാഥൻ അറിയിച്ചു.
വാക്സീന്റെ സുരക്ഷ, ഗുണനിലവാരം, മികച്ച ഉൽപാദന രീതികൾ തുടങ്ങിയവ വിദഗ്ധ സംഘം അവലോകനം ചെയ്യുമെന്നും ഓഗസ്റ്റ് അവസാനത്തോടെ കോവാക്സിന് അടിയന്തര ഉപയോഗാനുമതി ലഭിക്കുന്നതിൽ തീരുമാനമാകുമെന്നും സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി