തെരഞ്ഞെടുപ്പ്; എല്ലാവിധ റാലികള്‍ക്കും പദയാത്രകള്‍ക്കും ജനുവരി പതിനഞ്ച് വരെ വിലക്കേർപ്പെടുത്തി
ന്യൂഡൽഹി: ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കർശന നിയന്ത്രണങ്ങളോടെ ആയിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി റാലികളും റോഡ് ഷോകളും ഈ മാസം 15 വരെ വിലക്കി. കൊവിഡ് സാഹചര്യം വിലയിരുത്തിയായിരിക്കും 15 ന് ശേഷം റാലികൾ നടത്താമോ എന്നതിൽ തീരുമാനമെടുക്കുക. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയ കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും അറിയിച്ചു.
നാമനിർദേശ പത്രിക ഓണ്‍ലൈനായി സ്ഥാനാർത്ഥികള്‍ക്ക് നല്‍കാം. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവർ, കൊവിഡ‍് രോഗികള്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ ലഭ്യമാക്കും. ഡിജിറ്റല്‍ പ്രചാരണത്തിന് പാർട്ടികള്‍ പരമാവധി പ്രാധാന്യം നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.