ഗുജറാത്ത് തീരത്തെത്തിയ പാക് ബോട്ടിൽ 360 കോടി രൂപയുടെ ഹെറോയിൻ; 6 പേരെ അറസ്റ്റിൽ
ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്നു വേട്ട. 360 കോടി രൂപയുടെ 50 കിലോ ഹെറോയിനാണ് പാക് ബോട്ടിൽ നിന്നും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ പാക് പൗരന്മാരാണെന്നാണ് കരുതുന്നത്. ഗുജറാത്ത് ATS, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ബോട്ട് കച്ചിലെ ജഖാവോ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
കടൽ വഴിയുള്ള ലഹരിക്കടത്തിലെ പാക് ബന്ധത്തിൽ എൻഐഎയും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മുൻപ് ഇന്ത്യൻ മഹാഹമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ 47 തോക്കും കടത്തിയത് ഹാജി സലിം ഗ്രൂപ്പാണെന്നും ഇവരുടെ നെറ്റ്‍വർക്കിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ വ്യക്തമാക്കി.
രാജ്യന്തര മയക്കുമരുന്ന് മാഫിയക്ക് എതിരെ ഇന്ത്യൻ നേവി നടപടി ആരംഭിച്ചിരിക്കുകയാണ്. റോ ,എൻ.സി.ആർ.ബി, ഐ.ബി തുടങ്ങിയ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേവി ഒപ്പറേഷൻ. ഇന്ത്യയുടെ സമുദ്ര അതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇനി ഇന്ത്യൻ നേവി നേരിട്ട് നടത്തും.
മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവി ഒപ്പറേഷൻ ആരംഭിച്ചതായി ഡിഫൻസ് പി.ആർ.ഒ കമാന്റർ അതുൽ പിള്ള 24നോട് വെളിപ്പെടുത്തി. നേവിയുടെ കീഴിലുള്ള സമുദ്ര അതിർത്തിയിൽ ഉടനീളം പരിശോധന നടത്തും. ഇന്ത്യൻ സമുദ്ര അതിർത്തി കടക്കുന്ന എല്ലാ വെസലുകളും പരിശോധിക്കും.
സമുദ്രമാർഗം ശത്രു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതായി ഇന്റലിജിൻസ് മുന്നറിയിപ്പുണ്ട്. ഇന്ത്യൻ തീരത്തു മുഴുവൻ ഇനി നേവിയുടെ മയക്കുമരുന്ന് പരിശോധന കൃത്യമായി നടക്കും. കപ്പലുള്ള ഓരോന്നും ആരുടേത് എന്നു കണ്ടെത്തി പരിശോധന നടത്തും. നിരീക്ഷണ ഹെലികോപ്റ്റർറുകൾ കടലിൽ മുഴുവൻ സമയ പരിശോധന നടത്തും. നേവി എയർ പട്രോളിംഗും ശക്തമാക്കും. മയക്കു മരുന്ന് മാഫിയക്ക് എതിരെ നേവിയുടെ വി.ബി.എസ് ഓപ്പറേഷനാണ് നടക്കുക.