Friday, April 18, 2025
National

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര സർക്കാർ

സമൂഹ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. എന്നാൽ നിലവിൽ കോടതിയുടെ പരിധിയിലുള്ള അക്കൗണ്ട് സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള കേസുകൾ ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഈയിടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹർജി ജസ്റ്റിസ് യശ്വന്ത് വർമ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിന് വേണ്ടി കിർതിമാൻ സിങ് ഹാജരായി.

“കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങൾ വിശദമായ പരിശോധന നടത്തി. ഉടൻ തന്നെ ഭേദഗതിയും പുതിയ സംവിധാനങ്ങളും കൊണ്ടുവരും.എന്നാൽ അത് എപ്പോഴാണെന്ന് കൃത്യമായി പറയാൻ ഇപ്പോൾ സാധിക്കില്ല. ഇനി വരാനിരിക്കുന്ന കാര്യങ്ങളിൽ ഇതിന് മുൻഗണന നൽകും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല എന്നും നിലവിലുള്ള കേസുകൾ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയിലാണ് വരിക എന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ പറഞ്ഞു.

നിലവിലുള്ള സംവിധാനം ഉപയോഗിച്ച് പരാതികളും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതും കൈകാര്യം ചെയ്യാത്തതും കോടതി ചോദ്യം ചെയ്തു. ഓരോ കേസും സമൂഹത്തിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ചിന്തിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും നടപടികൾ ആലോചിക്കുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *