Monday, January 6, 2025
National

ആന്ധ്രാപ്രദേശിൽ എൽ.ജി പോളിമർ പ്ലാൻറിൽ നിന്ന് വിഷവാതകം ചോർന്ന് 14 പേർ മരിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ

വിശാഗപട്ടണത്തെ എൽ.ജി പോളിമർ പ്ലാൻറിൽ നിന്ന് വിഷവാതകം ചോർന്ന് 14 പേർ മരിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ.
കമ്പനി സി.ഇ.ഒയും രണ്ട് ഡയറക്ടർമാരും ഉൾപ്പെടെയാണ് പിടിയിലായത്. രണ്ട് ഡയറക്ടർമാരും വിദേശികളാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വാതകചോർച്ചയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് ഏഴിനാണ് പ്ലാൻറിലെ എം 6 ടാങ്കിൽ നിന്ന് സ്റ്റെറൈൻ വാതകം ചോർന്നത്. കുട്ടികൾ അടക്കം നിരവധി പേർക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായി.

മേയ് 7നാണ് ദുരന്തമുണ്ടായത്. ലോക്ഡൗണിന് ശേഷം പ്ലാൻറ് തുറന്നു പ്രവർത്തിക്കാനിരിക്കെയാണ് വിഷവാതകം പുറത്തേക്ക് വമിച്ചത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവിൽ വാതകം വ്യാപിച്ചു. ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുവിട്ടിറങ്ങി. റോഡരികിൽ ബോധരഹിതരായി വീണു. ആദ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനവും ദുഷ്‌കരമായി. പൊലീസിനും നാട്ടുകാർക്കും ശ്വാസതടസവും ആരോഗ്യപ്രശ്‌നങ്ങളും കാരണം കുറച്ചു സമയത്തേയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. മുൻകരുതൽ നടപടികൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *