Sunday, January 5, 2025
National

ഇന്ത്യ-ബ്രിട്ടണ്‍ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നു; ഇന്ന് 256 യാത്രക്കാരെത്തും: ആശങ്കയോടെ രാജ്യം

കോവിഡ് ജനിതകമാറ്റത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബ്രിട്ടണ്‍-ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. രണ്ട് ആഴ്ചയിലേറെയായി വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സര്‍വ്വീസ് വീണ്ടും ആരംഭിക്കുമ്പോള്‍ ധാരാളം യാത്രക്കാര്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. കണക്കുകള്‍ പ്രകാരം പ്രത്യേക വിമാനത്തില്‍ 250ലേറെ യാത്രക്കാര്‍ എത്തുമെന്നാണ് സൂചന.

ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലെ എയര്‍ ഇന്ത്യ വിമാനത്താവളത്തിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. കോവിഡിന്റെ ജനിതകമാറ്റം മുന്നില്‍ക്കണ്ട് ഏതാണ്ട് 40 രാജ്യങ്ങള്‍ ബ്രിട്ടീഷ് വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സാര്‍ക്ക്-കോവിഡ് 2 എന്ന് നാമകരണം ചെയ്ത വൈറസ് മുന്‍പുള്ള വൈറസിനെ അപേക്ഷിച്ച് 70 ശതമാനം അധിക വ്യാപനശേഷിയുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും വൈറസിന്റെ വെവ്വേറെ വകഭേദമാണ് കണ്ടെത്തിയത്. വ്യാപനശേഷി കൂടുതലായതിനാല്‍ മറ്റുള്ളവരിലേക്ക് പടരനുള്ള സാധ്യതയും കൂടുതലാണ്. പുതിയ വൈറസ് ജീവഹാനിയുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പ്രായം കുറഞ്ഞ വ്യക്തികളിലാണ് വൈറസ് കൂടുതലായും കണ്ടുവരുന്നത്.

കേരളത്തിലുള്‍പ്പെടെ രാജ്യത്ത് 80ലേറെ പേരില്‍ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത് ആരോഗ്യവകുപ്പ് ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ഇന്നുമുതല്‍ ഇന്ത്യയിലെത്തുന്നയാത്രക്കാര്‍ കര്‍ശന നിര്‍ദ്ദേശം പാലിക്കേണ്ടതുണ്ട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന യാത്രക്കാര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുണ്ടാകൂ. ഇന്ത്യയില്‍ എത്തിച്ചേര്‍ന്നാല്‍ വിമാനത്താവളത്തില്‍ ആര്‍ടി-പിസിആര്‍ പരിശോധനയുണ്ടാകും. 14 ദിവസത്തെ ക്വാറന്റീനും നിര്‍ബന്ധം.

ഇന്ത്യയെക്കൂടാതെ ഡെന്മാര്‍ക്ക്, നെതര്‍ലന്റ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്, ജെര്‍മ്മനി, കാനഡ, ജപ്പാന്‍, ലെബനന്‍ എന്നീ രാജ്യങ്ങളും ബ്രിട്ടണിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. വൈറസ് പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ നിന്ന് മത്രമല്ല എല്ലാ ആന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കാന്‍ ഇന്ത്യ ഇതിനോടൊപ്പം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് വകഭേദം മറ്റ് രാജ്യങ്ങളിലേക്കും കടന്നിരിക്കാം എന്ന അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *