വന്ദേഭാരത് എക്‌സ്പ്രസ് കന്നുകാലിയെ ഇടിച്ച് മുൻഭാഗം പൊളിഞ്ഞു
വന്ദേഭാരത് എക്‌സ്പ്രസ് കന്നുകാലിയെ ഇടിച്ച് ട്രെയിന്റെ മുൻ ഭാഗം പൊളിഞ്ഞു. ഇന്നലെ രാവിലെ മുംബൈ സെൻട്രലിൽ നിന്ന് ഗാന്ധി നഗറിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സപ്രസാണ് അപകടത്തിൽപ്പെട്ടത്.
ഉദ്ഘാടനം ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 11.15ന് വാത്വ സ്റ്റേഷനും മണിനഗറിനും മധ്യേയായിരുന്നു അപകടം നടന്നത്. ‘മൂന്ന് പോത്തുകളാണ് പെട്ടെന്ന് വന്ദേഭാരതിന് കുറുകെ ചാടിയത്. ഫൈബർ റീയെൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ട്രെയിന്റെ മുൻഭാഗം പൊട്ടിപ്പോവുകയായിരുന്നു’- റെയിൽവേ വാക്താവ് പറഞ്ഞു.
ഇടിച്ച പോത്തുകളെ ട്രാക്കിൽ നിന്ന് മാറ്റി ട്രെയിൻ യാത്ര തുടർന്നു. കൃത്യ സമയത്ത് തന്നെ ഗാന്ധിനഗറിൽ എത്തിച്ചേർന്നുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രാക്കിന് സമീപം കന്നുകാലികളെ മേയാൻ വിടരുതെന്ന് കർഷകർക്ക് നിർദേശം നൽകിയതായും റെയിൽവേ പറഞ്ഞു.